ADVERTISEMENT

 പൂരപ്രേമികളും വെടിക്കെട്ട് പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് നെന്മാറ - വല്ലങ്ങി വേല. മലയാളമാസം മീനത്തിലെ ഇരുപതാം തീയതിയാണ് നെന്മാറ - വല്ലങ്ങി വേലയുടെ ദിവസം. ഇത് എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ രണ്ട് അല്ലെങ്കിൽ മൂന്ന് തീയതികളിലാണ് വരുന്നത്. ഇത്തവണ ഏതായാലും ഏപ്രിൽ മൂന്നിനാണ് നെന്മാറ - വല്ലങ്ങി വേല. പാലക്കാട് ജില്ലയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വളരെ ആവേശത്തോടെ എല്ലാ വർഷവും ആഘോഷിക്കുന്ന ഒന്നാണ് നെന്മാറ - വല്ലങ്ങി വേല. നെല്ലിയാമ്പതി വനത്തിന്റെ താഴ്​വരയിൽ സ്ഥിതി ചെയ്യുന്ന ചിറ്റൂർ താലൂക്കിലെ നെന്മാറ, വല്ലങ്ങി എന്നീ മനോഹരമായ ഗ്രാമങ്ങളിലായാണ് നെന്മാറ - വല്ലങ്ങി വേല നടക്കുന്നത്. 

നെന്മാറ - വല്ലങ്ങി വേലയിലെ വെടിക്കെട്ട്. ചിത്രം : അരുൺ ശ്രീധർ
നെന്മാറ - വല്ലങ്ങി വേലയിലെ വെടിക്കെട്ട്. ചിത്രം : അരുൺ ശ്രീധർ

പരമ്പരാഗതമായ കലാരൂപങ്ങൾക്കൊപ്പം ആരെയും ആകർഷിക്കുന്ന വെടിക്കെട്ടാണ് നെന്മാറ - വല്ലങ്ങി വേലയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. പാടങ്ങളിലെ കൊയ്ത്തിനു ശേഷമാണ് ഉത്​സവം. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ദേവതയുടെ ജന്മദിനമായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. മീന മാസത്തിലെ ഒന്നാം തീയതി കൊടിയേറ്റോടു കൂടിയാണ് ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇരുപതു  ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കു മീനമാസം 20ന് നെന്മാറ - വല്ലങ്ങി വേലയോടു കൂടി പരിസമാപ്തിയാകും.

നെന്മാറ - വല്ലങ്ങി വേലയിലെ വെടിക്കെട്ട്. ചിത്രം : അരുൺ ശ്രീധർ
നെന്മാറ - വല്ലങ്ങി വേലയിലെ വെടിക്കെട്ട്. ചിത്രം : അരുൺ ശ്രീധർ

രണ്ടു ഗ്രാമങ്ങളുടെ സൗഹൃദ പോരാട്ടം

നെന്മാറ, വല്ലങ്ങി വേലയുടെ ഏറ്റവും വലിയ പ്രത്യേകത  നെന്മാറ ഗ്രാമത്തിന്റെയും വല്ലങ്ങി ഗ്രാമത്തിന്റെയും സൗഹൃദപരമായ മത്സരമാണ്. ഓരോ ഗ്രാമത്തിനും അവരുടേതായ ക്ഷേത്രമുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പരസ്പരം സൗഹാർദപൂർണമായ മത്സരമാണ് ഇരുഗ്രാമങ്ങളും തമ്മിൽ. രണ്ടു ഗ്രാമങ്ങളിൽ നിന്നുമുള്ള അലങ്കരിച്ച ആനകളുടെ ഗംഭീരമായ ഘോഷയാത്രയാണ് പരിപാടിയുടെ പ്രത്യേകത. ഈ ഘോഷയാത്രകൾ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണു സംഗമിക്കുന്നത്. പരമ്പരാഗത അലങ്കാരങ്ങളും കുടകളും കൊണ്ട് അലങ്കരിച്ചുള്ള ആനകളുടെ ഘോഷയാത്ര നയനാനന്ദകരമായ കാഴ്ചയാണ്.

കേരളത്തിലെ ഏറ്റവും മികച്ച താളവാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയവയ്ക്കും നെന്മാറ - വല്ലങ്ങി വേല പ്രസിദ്ധമാണ്. ഉത്​സവപന്തലിന് കീഴിൽ രണ്ടു ഗ്രാമങ്ങളും പരസ്പരം അഭിമുഖമായി നിന്നാണ് താളവാദ്യമത്സരം. കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ഒപ്പം തന്നെ എതിരാളിയേക്കാൾ ഒരു പടി മുന്നിൽ നിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ പോരാട്ടവീര്യമാണ് നെന്മാറ - വല്ലങ്ങി വേലയെ കൂടുതൽ ആകർഷകമാക്കുന്നത്.

കുമ്മാട്ടിയും കരിവേലയും

കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ കലാരൂപങ്ങളും ഈ ഉത്​സവകാലത്ത് അവതരിപ്പിക്കപ്പെടുന്നു. പരിപാടിയുടെ സാംസ്കാരിക തലം ഉയർത്തുന്നതിൽ ഇത്തരം കലാരൂപങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വർണാഭമായ വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ചാണ് ഇതിൽ ആളുകൾ പങ്കെടുക്കുന്നത്. പരമ്പരാഗത കഥകളും നാടോടിക്കഥകളുമാണ് കലാരൂപങ്ങളിൽ കലാകാരൻമാർ അവതരിപ്പിക്കുന്നത്.

വെടിക്കെട്ട്

നെന്മാറ - വല്ലങ്ങി വേലയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം എന്നു പറയുന്നത് വെടിക്കെട്ട് ആണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ആയാണ് ഇത് അറിയപ്പെടുന്നത്. രാത്രിയെ പ്രകാശം കൊണ്ടും ശബ്ദം കൊണ്ടും നിറയ്ക്കുന്നതാണ്  ഈ വെടിക്കെട്ട്. ഏഷ്യയിലെ തന്നെ ഏറ്റവും ശബ്ദം കൂടിയ വെടിക്കെട്ട് ആയും ഈ വെടിക്കെട്ട് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉത്​സവസമയത്ത് ആനകളെ പാർപ്പിക്കാനായി നിർമിച്ചിരിക്കുന്ന ആന പന്തലുകളും ഇതിന്റെ പ്രധാന ആകർഷണമാണ്. 

നെന്മാറ - വല്ലങ്ങി വേലയുടെ ഉദ്ഭവം നെന്മാറ, വല്ലങ്ങി ഗ്രാമങ്ങളെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ദേവിയോടുള്ള ആരാധനയുമായി ബന്ധപ്പെട്ടാണ്. ദേവിയോടുള്ള നന്ദിയുടെയും ഭക്തിയുടെയും പ്രകടനം കൂടിയാണ് ഈ ഉത്​സവം.  വർഷങ്ങളായി ഭക്തരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന നെന്മാറ - വല്ലങ്ങി വേല കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ്.

നെന്മാറയിലേക്ക് എത്താൻ

നെന്മാറയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അവിടെ നിന്ന് ബസിലോ ടാക്സിയിലോ നെന്മാറയിലേക്ക് എത്താം.

നെന്മാറയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പാലക്കാട് ജംക്‌ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കൂടാതെ സമീപദേശങ്ങളിൽ നിന്നു ടാക്സികളും ബസുകളും നെന്മാറയിലേക്കുണ്ട്.

English Summary:

Experience the spectacular Nenmara-Vallangi Vela, a dazzling firework festival in Kerala, India. Witness breathtaking elephant processions, vibrant cultural performances, and a friendly rivalry between villages.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com