വിരമിക്കൽ ചർച്ചകൾ തൽക്കാലം നിർത്താം; അടുത്ത ലക്ഷ്യം 2027ലെ ഏകദിന ലോകകപ്പ് വിജയമെന്ന പ്രഖ്യാപനവുമായി വിരാട് കോലി– വിഡിയോ

Mail This Article
മുംബൈ∙ സീനിയർ താരങ്ങളുടെ വിരമിക്കൽ ചർച്ചകൾ വിവിധ കോണുകളിൽ തകൃതിയായി നടക്കുന്നതിനിടെ, 2027ലെ ഏകദിന ലോകകപ്പ് കൂടി നേടിയിട്ടേ വിരമിക്കൂ എന്ന പ്രഖ്യാപനവുമായി സൂപ്പർതാരം വിരാട് കോലി. 2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിനും താനുണ്ടാകുമെന്നാണ് കോലിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നീ മുതിർന്ന താരങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് വൃത്തങ്ങളിൽ വ്യാപക ചർച്ചകൾ നടന്നിരുന്നു.
നിലവിൽ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് കളിക്കുന്ന കോലി, മുംബൈയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് 2027ലെ ഏകദിന ലോകകപ്പിലും കളിക്കുമെന്ന് പ്രഖ്യാപിച്ചത്. കരിയറിലെ അടുത്ത പ്രധാന നീക്കമെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ഇത്.
‘‘അടുത്ത സുപ്രധാന ലക്ഷ്യത്തേക്കുറിച്ച് ചോദിച്ചാൽ, എനിക്കുതന്നെ തീർച്ചയില്ല എന്നു പറയേണ്ടി വരും. ഒരുപക്ഷേ, അടുത്ത ലോകകപ്പ് ജയിക്കുക എന്നതാകാം അടുത്ത ലക്ഷ്യം’ – മുപ്പത്താറുകാരനായ കോലി പറഞ്ഞു.
2023ൽ ഇന്ത്യ ആതിഥ്യം വഹിച്ച ഏകദിന ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു കോലി. തകർപ്പൻ പ്രകടനവുമായി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയെങ്കിലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഓസ്ട്രേലിയയോടു തോറ്റു.
മഹേന്ദ്രസിങ് ധോണി നായകനായിരിക്കെ 2011ലാണ് ഇന്ത്യ ഏറ്റവും ഒടുവിൽ ഏകദിന ലോകകപ്പ് ജയിച്ചത്. ആ ടീമിൽ വിരാട് കോലിയും അംഗമായിരുന്നു. പിന്നീട് 2015, 2019 ലോകകപ്പുകളിൽ ഇന്ത്യ സെമിഫൈനലിൽ തോറ്റു പുറത്തായി.