മുതിർന്ന പൗരന്മാർ വീട്ടിൽ ഒറ്റയ്ക്കിരുന്ന് മടുക്കാറുണ്ടോ? വിരസത മാറ്റാൻ 'പകൽവീടു'കൾ വരട്ടെ!

Mail This Article
മക്കൾ ജോലിക്കും പേരക്കുട്ടികൾ പഠനത്തിനും പോയിക്കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ വിഷമം. ആവശ്യമില്ലാത്ത ആകുലചിന്തകൾ ശല്യം ചെയ്യുന്നുവെന്നാണ് മുതിർന്ന പൗരന്മാരിൽ ചിലരുടെ ആവലാതി. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കുറെ നേരം ഉറങ്ങും. ടെലിവിഷനിലോ മൊബൈലിലോ കണ്ണോടിക്കും...
മുതിർന്ന പൗരന്മാരുടെ വിരസതയ്ക്ക് നല്ല പകൽ വീടുകൾ ഒരു പരിധിവരെ പരിഹാരമാകുമെന്നതാണ് വസ്തുത.
എങ്ങനെയാകണം പകൽ വീടുകൾ?
രാവിലെ വീടുകൾക്ക് മുൻപിൽ ഒരു ബസ് വരുന്നു. മുതിർന്നവർ പകൽവീട്ടിലേക്ക് യാത്രയാകുന്നു. അവിടെ വിനോദങ്ങളിലേർപ്പെടാം. കളിചിരികളിൽ പങ്കുചേരാം. സൊറ പറയാം. ഉച്ചഭക്ഷണം കഴിഞ്ഞു ചെറുതായി ഉറങ്ങേണ്ടവർക്ക് അതുമാകാം. വൈകുന്നേരം സ്വന്തം വീട്ടിലേക്ക് മടങ്ങാം. മാസത്തിൽ ഒരിക്കൽ ബിപി ഉൾപ്പെടെയുള്ള അടിസ്ഥാന മെഡിക്കൽ പരിശോധനകൾ നടത്താൻ ഒരു ഡോക്ടറും വരട്ടെ. ഇങ്ങനെയൊരു ഇടം എല്ലാ പഞ്ചായത്തിലും ഉണ്ടായാൽ എത്ര നന്നായേനെ.
ഏകാന്തതയ്ക്ക് പരിഹാരമാകും
സമപ്രായക്കാരുമായുള്ള ഈ പകൽ കൂട്ട് ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും നോവുകൾക്ക് ആശ്വാസം നൽകും. അവരുടെ മാനസികാരോഗ്യത്തിന് സഹായിക്കും. ചെറിയ കായികപ്രവർത്തനങ്ങളിലൂടെ ശാരീരിക ചലനം മെച്ചപ്പെടും. ആശയവിനിമയങ്ങളിലൂടെ സാമൂഹികബന്ധങ്ങൾ ശക്തമാകും. ഇത്തരം ലക്ഷ്യങ്ങൾ നിറവേറ്റും വിധത്തിൽ വേണം പകൽ വീടിന്റെ പ്രവർത്തനം. ആഹ്ലാദവും സമാധാനവും നൽകുന്ന ഇടങ്ങളായി പകൽവീടുകളെ രൂപപ്പെടുത്തണം. ആദരവോടെ വേണം ഇടപെടലുകൾ.
ഊർജം നൽകുന്ന ബദൽ പരിസരം
മുതിർന്നവരുടെ അനുപാതം കൂടുന്ന കാലത്ത് ഇത്തരം സ്ഥാപനങ്ങളുടെ പ്രസക്തി വർധിക്കുന്നുണ്ട്. മനസ്സിന് ഊർജം നൽകുന്ന ഒരു ബദൽ സാമൂഹിക പരിസരമായി പകൽ വീട് അനുഭവത്തെ ഉൾക്കൊള്ളാൻ കഴിയണം. ചില സ്ഥലങ്ങളിൽ ഇത്തരം മാതൃകകൾ ഉണ്ട്. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങൾ അനുസരിച്ചു പകൽ വീടുകൾ തുടങ്ങാൻ സന്നദ്ധ സംഘടനകളും അവരെ പിന്തുണയ്ക്കാൻ പ്രാദേശിക സ്ഥാപനങ്ങളുമൊക്കെ മുന്നോട്ടുവരട്ടെ.

പരിചരിക്കാൻ പകൽവീട്
ശാരീരിക പരാധീനതകളും മറവി രോഗത്തിന്റെ വെല്ലുവിളികളും ഉള്ള വയോജനങ്ങൾക്കായി സവിശേഷ സേവനങ്ങൾ നൽകുന്ന പകൽ വീടുകളുടെ ആവശ്യകതയും വർധിക്കുകയാണ്. പരിചരണത്തിൽ കുടുംബങ്ങളുടെ ക്ലേശങ്ങൾക്ക് അയവുവരുത്താൻ കൂടി ഇത്തരം പകൽ വീടുകൾ ഉതകും.