കേരളത്തിൽ വയോജന ക്ഷേമം ഉറപ്പാക്കാൻ കമ്മിഷന്; രാജ്യത്ത് ഇത് ആദ്യം

Mail This Article
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വയോജന കമ്മിഷന് ബില്‍ നിയമസഭ പാസാക്കി. വയോജനങ്ങള്‍ക്കു മാത്രമായി ഒരു കമ്മിഷന് രാജ്യത്ത് ആദ്യമായി കേരളത്തില്‍ നിലവില്‍ വരുന്നു എന്നതാണ് പ്രത്യേകത. വയോജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബില്ലിലെ വ്യവസ്ഥകള്‍ തയാറാക്കിയിരിക്കുന്നത്. ബില്‍ നിയമസഭ പാസാക്കിയതോടെ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയയ്ക്കുന്ന നടപടികള്‍ സാമൂഹികനീതി വകുപ്പ് ആരംഭിച്ചു. ഗവര്‍ണര്‍ ഒപ്പിടുന്ന തീയതി മുതല്‍ കമ്മിഷന് പ്രാബല്യത്തില്‍ വരും. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാലുടന്‍ കമ്മിഷന് ചെയര്മാന്, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്ന നടപടികള്‍ ആരംഭിക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.
ചുമതല എന്തൊക്കെ?
∙ വയോജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായോ അതിക്രമങ്ങള്‍ ഉണ്ടായതായോ പരാതി ലഭിക്കുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ പ്രാഥമിക അന്വേഷണം നടത്തണം. തുടര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കി തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുക. അര്‍ഹമായ കേസുകളില്‍ നിയമസഹായ അതോറിറ്റികളുടെ സഹായം ലഭ്യമാക്കുക.
∙ വയോജന ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക.
∙ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ചെയ്യുന്ന വയോജനങ്ങളെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
∙ വയോജന ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് നടപ്പിലാക്കാവുന്ന പദ്ധതികളെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുക.
∙ വയോജനങ്ങള്‍ തടവിലാക്കപ്പെടുന്ന ജയിലുകള്‍, ലോക്കപ്പുകള്‍, കസ്റ്റഡിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങള്‍ എന്നിവയില്‍നിന്നു ലഭിക്കുന്ന പരാതികളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
∙ അതതു സമയങ്ങളില്‍ കമ്മിഷന്റെ പരിഗണനയ്ക്ക് അയയ്ക്കുന്ന മറ്റ് വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുക.
അര്‍ധ ജുഡീഷ്യല്‍
പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അര്‍ധ ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള മാര്‍ഗനിര്‍ദേശക ബോഡിയാണ് നിലവില്‍ വരുന്നത്. വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മിഷനെ ഏല്പിച്ചു നല്കുന്ന മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്നതും കമ്മിഷന്റെ കര്‍ത്തവ്യമാണ്. കമ്മിഷന്റെ തീരുമാനങ്ങള്‍ അതിന്റെ ശുപാര്‍ശ സഹിതം ഉചിതമായ നടപടിക്കായി സര്‍ക്കാരിലേക്ക് അയയ്ക്കാം.
കമ്മിഷന് ഇങ്ങനെ
സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പഴ്സനും പരമാവധി നാല് അംഗങ്ങളും കമ്മിഷനില്‍ ഉണ്ടായിരിക്കും. ചെയര്‍പഴ്സന്‍ ഉള്‍പ്പെടെ കമ്മിഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. ഇവരില്‍ ഒരാള്‍ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും. കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. മൂന്നു വര്‍ഷമാണ് ചെയര്‍പഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി.
മുതിര്‍ന്ന പൗരരുടെ കേരളം
2011ലെ സെന്‍സസ് പ്രകാരം 60 വയസ്സിനു മുകളിലുള്ള 10.40 കോടി വയോജനങ്ങള്‍ രാജ്യത്തുണ്ട്. അതായത്, ജനസംഖ്യയുടെ 8.6 ശതമാനം. ജനസംഖ്യാ വളര്‍ച്ചാനിരക്ക് സൂചികയായെടുത്താല്‍ ഇത് 11.10 ശതമാനമെന്ന കണക്കിലേക്ക് കുതിക്കുന്നതായി കാണാം. 2046 ആകുന്നതോടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം പതിനഞ്ചില്‍ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തെ മറികടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ 2026 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാല്‍ഭാഗം മുതിര്‍ന്ന പൗരന്മാരായിരിക്കും.