കഠിന വ്യായാമമോ പട്ടിണിയോ ഇല്ല, ചോറും ഒഴിവാക്കിയില്ല; അമിതവണ്ണവും പ്രമേഹവും നിയന്ത്രിച്ചത് ഇങ്ങനെ

Mail This Article
‘എന്റേയിഷ്ടാ...ഇത് എന്തൂട്ട് തടിയാ... ഒന്ന് ശ്രദ്ധിച്ചോളൂട്ടാ...’ കുടുംബത്തിൽ നടന്ന വിവാഹചടങ്ങിന്റെ ഫോട്ടോ കാണിച്ചപ്പോൾ അടുത്ത ബന്ധുവിന്റെ കമന്റാണ് തൃശൂർ കുരിയിച്ചിറ സ്വദേശികളായ എം.വി.വിൽസണിനെയും ഭാര്യ ബിന്ദുവിനെയും ആരോഗ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ജീവിതത്തെ മാറ്റിമറിച്ച ആരോഗ്യയാത്രയെക്കുറിച്ച് ഇരുവരും സംസാരിക്കുന്നു.
ആദ്യമേ പറയട്ടെ മെലിഞ്ഞിരിക്കുന്നതല്ല ആരോഗ്യം. ഇരുപതു വർഷമായിട്ട് ട്രാവൽ ഏജൻസി രംഗത്താണു പ്രവർത്തിക്കുന്നത് തിരക്കേറിയ ഓട്ടത്തിനിടയിൽ ഭക്ഷണകാരൃത്തിൽ കൃത‍്യത പുലർത്താൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. ജോലിത്തിരിക്കിനിടയിൽ എപ്പോൾ കഴിക്കാൻ പറ്റുമോ അപ്പോൾ കഴിക്കാം എന്ന രീതിയാണ് പിന്തുടർന്നത്. അങ്ങനെ ചിട്ടയില്ലാത്ത ജീവിതചര്യ ആരോഗ്യത്തെ സാരമായി ബാധിക്കാൻ തുടങ്ങി. എന്റെ ജീവിതചര്യ അത്ര ശരിയല്ലെന്ന് എനിക്കു തന്നെ അറിയാമായിരുന്നു. അങ്ങനെ ക്രമേണ ജീവിതശൈലീരോഗങ്ങൾ എന്നെ ബാധിച്ചു. അമിതവണ്ണം കാരണം ഭാര്യയ്ക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. അങ്ങനെ പ്രമേഹം നിയന്ത്രണവിധേയമല്ലാതെയായി. അമിതവണ്ണം കാരണം ഞങ്ങൾക്ക് ഇരുവർക്കും ദൈനദിന കാര്യങ്ങൾ കൂടി ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. ചെറിയ ദൂരം നടക്കുമ്പോൾ കിതയ്ക്കുക, വീട്ടിലെ സ്റ്റെപ്പുകൾ കയറുമ്പോൾ വല്ലാണ്ട് വിയർക്കുക എന്ന നിലയിലായപ്പോൾ ഇങ്ങനെ മുൻപോട്ടു പോവുക അസാധ്യമെന്നു തോന്നി. അപ്പോഴും അമിതവണ്ണം എങ്ങനെ കുറയ്ക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.

അമിതവണ്ണം കുറയ്ക്കുക എന്നു കേൾക്കുമ്പോൾ ജിമ്മിൽ പോയി കഠിനമായ വ്യായാമമുറകൾ ചെയ്ത് തടികുറയ്ക്കാം എന്നാണ് പലരും കരുതുക. പ്രായം അൻപത്തിയെട്ടു കഴിഞ്ഞ എനിക്കും അൻപത്തിയൊന്നുകാരിയായ ഭാര്യയ്ക്കും അത് അത്ര പ്രായോഗികമായിരുന്നില്ല. തടി കൂടി എന്ന കുടുംബക്കാരുടെയും കൂട്ടുകാരുടെയും കമന്റുകൾ കേട്ടതോടെ എങ്ങനെ കുറയ്ക്കാമെന്നായി ചിന്ത. പ്രമേഹം വല്ലാണ്ട് അലട്ടിയതുകൊണ്ട് കഠിനമായ വ്യായാമത്തെക്കുറിച്ചു ചിന്തിച്ചില്ല. എന്തിനും ഏതിനും സമൂഹമാധ്യമങ്ങളിൽ പരതുന്ന സ്വഭാവമുള്ളതുകൊണ്ട് എങ്ങനെ തടി കുറയ്ക്കാം എന്നു തിരഞ്ഞപ്പോൾ കിട്ടിയത് പല ഉപദേശങ്ങൾ. ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കാമോ എന്ന ചിന്തയാണ് മനസ്സിൽ തോന്നിയത്. സ്വയചികിൽസ നടത്തി കെണിയിൽപ്പെട്ട പലരുടെയും അനുഭവങ്ങൾ കേട്ടതു കൊണ്ട് വിദഗ്ധോപദേശം തേടാൻ തീരുമാനിച്ചു.
കുടുംബസുഹൃത്ത് വഴിയാണ് ഫിസിയോതെറാപ്പിസ്റ്റും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഗ്രിന്റോ ഡേവിയുടെ മെറ്റബോളിക് ഹെൽത്ത് പ്രോഗ്രാമിനെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ ഡിസംബറിൽ ചികിത്സ തുടങ്ങുമ്പോൾ എനിക്കും ഭാര്യയ്ക്കും പ്രമേഹം വളരെ കൂടുതലായിരുന്നു. വാതത്തിന്റെ പ്രശ്നം അലട്ടിയത് കൊണ്ട് ശരീരത്തിൽ നീരുവീക്കം അനുഭവപ്പെട്ടിരുന്നു. ശാരീരികാവശതകൾ കാരണം മാനസികമായും വളരെയധികം ബുദ്ധിമുട്ടുകൾ ഞങ്ങൾ അനുഭവിച്ചിരുന്നു. ഒന്നര മാസത്തെ വിദഗ്ധമായ ഫിസിയോതെറാപ്പി പ്രോഗ്രാമും കൃത്യമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും ദിവസേനയുള്ള നിർദ്ദേശങ്ങളും ചേർന്നപ്പോൾ ആരോഗ്യനിലയിൽ കാര്യമായ മാറ്റം പ്രകടമായി. ഉദരഭാഗത്തെ കൊഴുപ്പ് നന്നായി കുറയുകയും ഞങ്ങളുടെ രണ്ടുപേരുടെയും പ്രമേഹം നിയന്ത്രണവിധേയമാകുകയും ചെയ്തു. അഞ്ച് കിലോയോളം കൊഴുപ്പ് ക്രമേണ ശരീരത്തിൽ നിന്ന് ഈ പ്രോഗ്രാമിലൂടെ ഞങ്ങൾക്ക് സാധിച്ചു. വണ്ണം കുറയുന്നതിനേക്കാൾ ആരോഗ്യം മെച്ചപ്പെട്ടതിലും പ്രമേഹം കുറയ്ക്കാനും സാധിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആഴ്ചയിൽ അകെ മൂന്ന് ദിവസം ഒന്നര മണിക്കൂർ സമയമാണ് ഈ നൂതന വ്യായാമ ഭക്ഷണശീലങ്ങൾക്കായി ഞങ്ങൾ നീക്കിവച്ചിരുന്നത്.
കഠിനമായ അധ്വാനമോ, വ്യായാമങ്ങളോ ഒന്നുമില്ലാതെ ഈ മെറ്റബോളിക് ഫിസിയോതെറാപ്പി പ്രോട്ടോക്കോളിലൂടെ ഒരു ഏറോബിക് വ്യായാമത്തിൽ കിട്ടുന്ന എല്ലാ ഗുണകളും പേശികളിലും ശരീരത്തിന്റെ പ്രവർത്തനത്തിലും ലഭിക്കും. ഭക്ഷണകാര്യങ്ങളിൽ അമിതമായ നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും കഴിക്കാം. ചോറുൾപ്പടെ! പ്രഭാത ഭക്ഷണത്തിൽ ഇഡലിയും ദോശയും പുട്ടും അപ്പവുമെല്ലാമാണ് ഞങ്ങൾ കഴിച്ചിരുന്നത്. അരിയാഹാരാവും മാംസാഹാരവുമൊന്നും ഒഴിവാക്കേണ്ടതില്ല. ഭക്ഷണം കഴിക്കുന്ന സമയം, ഭക്ഷണത്തിന്റെ കോമ്പിനേഷൻസ്, നല്ല ക്വാളിറ്റി ഇതൊക്കെയാണ് ഇവിടെ പ്രധാനം. ഡയറ്റിഷ്യന്റെ കൃത്യമായ മേൽനോട്ടം ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും ഉണ്ടായിരുന്നു. കടുത്ത നിയന്ത്രണങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ ഡയറ്റിങ് തികച്ചും സ്വാഭാവികമായി തോന്നി. അങ്ങനെ നാല്‍പത് ദിവസം കൊണ്ട് 94 കിലോയിൽ നിന്ന് 89 കിലോയിലേക്ക് എന്റെ ശരീരഭാരം കുറഞ്ഞു. ഭാര്യ എൺപത് കിലോയിൽനിന്ന് എഴുപത്തിയാറു കിലോയും. പ്രമേഹമുള്ളവർക്ക് ഇങ്ങനെ കുറയാറില്ലല്ലോ, മാത്രമല്ല പ്രമേഹവും മാറി തുടങ്ങി. ആരോഗ്യകരമായ ഞങ്ങളുടെ മാറ്റത്തിൽ ഏറ്റവും സന്തോഷം മക്കൾക്കാണ്. ആത്മവിശ്വാസം കൂടിയെന്ന് മാത്രമല്ല എപ്പോൾ ഏത് ജോലിയും അനായാസം ചെയ്യാൻ സാധിക്കുന്നുമുണ്ട്.

ഫിസിയോതെറാപ്പിസ്റ്റും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഗ്രിന്റോയ്ക്ക് പറയാനുള്ളത്
പ്രായം കൂടുന്നതനുസരിച്ച് മസിൽ കുറയും. അതോടുകൂടി മുട്ടുവേദന, പുറംവേദന, നടക്കാനുള്ള ബുദ്ധിമുട്ട്, പടികൾ കയറാന്‍ കഴിയാതെ വരിക എന്നീ പ്രശ്നങ്ങളുമുണ്ടാകും. പലപ്പോഴും തടി കൂടുന്ന വ്യക്തിക്ക് മുട്ടുവേദന ഉണ്ടാകാം. ഡോക്ടറിനെ കാണിക്കുമ്പോൾ 10–15 കിലോ ഭാരം കുറയ്ക്കാനാണ് നിർദേശിക്കുക. എന്നാൽ, അധികം നടക്കാനോ ഓടാനോ പാടില്ല. ഇത്തരം അവസ്ഥയിൽ രോഗിക്ക് ആകെ സംശയമാണ്. എന്താണു താൻ ചെയ്യേണ്ടതെന്ന് ഒരു ധാരണയും ഉണ്ടാവില്ല. അങ്ങനെ അവർ ഭക്ഷണം നിയന്ത്രിക്കാം എന്ന തീരുമാനത്തിൽ എത്തും. ആദ്യം അൽപം ഭാരം കുറഞ്ഞേക്കാം. എന്നാൽ, അപ്പോൾ പേശിയുടെ ഭാരമായിരിക്കും കുറയുക. കൊഴുപ്പ് ആണോ, മസിൽ ആണോ, വെള്ളമാണോ ശരീരത്തിൽനിന്നും പോയി ശരീരഭാരത്തെ കുറച്ചതെന്ന് അറിയാതെ വീണ്ടും തുടർന്നാൽ അപകടമാണ്. പേശികളിൽനിന്നാണ് ഭാരം കുറയുന്നതെങ്കിൽ മുട്ടുവേദനയും പേശീവേദനയും ഇരട്ടിയാകും. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും സാധ്യമായ രീതിയിലുള്ള വർക്കൗട്ട് ചെയ്യുകയും മാത്രം മതി.
നടക്കാൻ സാധിക്കാത്തവർക്ക്, സ്ട്രോക്ക് വന്നവർക്ക്, മുട്ടുവേദന ഉള്ളവർക്ക് എന്നിവർക്കൊക്കെ വളരെ ഭംഗിയായി തന്നെ ഒരു എയ്റോബിക് ആക്റ്റിവിറ്റിയിൽ കിട്ടുന്ന എല്ലാ വർക്കൗട്ടുകളും ചെയ്യാവുന്ന തരത്തിൽ ഫിസിയോതെറപ്പി പ്രോട്ടോക്കോളുകൾ ഉണ്ട്. അത് ഉപയോഗിക്കാന്‍ സാധിക്കും. സമ്മർദമോ വേദനയോ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാത്ത രീതിയിലാണ് ഡിസൈൻ ചെയ്യുന്നത്. അതിനുവേണ്ടി ഒരു ഹെൽത്ത് കെയർ പ്രഫഷനലിനെ കണ്ട് ആവശ്യമായ മാറ്റങ്ങൾ എടുക്കണം. ശ്രദ്ധിക്കേണ്ടത്, പ്രായം കൂടുന്നതനുസരിച്ച് അസുഖങ്ങളിലേക്കു പോകുക എന്നൊരു ധാരണ മാറ്റണം. ‘ഏജിങ് വിത് ഡിഗ്‌നിറ്റി’ എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ആരോഗ്യത്തോടെ ആയുസ്സ് വർധിപ്പിക്കാൻ നമുക്കു സാധിക്കണം. അല്ലാതെ അസുഖങ്ങളിലൂടെ, മരുന്നുകളിലൂടെ കിടക്കയിൽ കിടന്നുകൊണ്ടുള്ള ലൈഫ് സ്പാൻ വർധിപ്പിക്കുന്നതാകരുത് നമ്മുടെ ലക്ഷ്യം.
പ്രായമായവർ കഴിക്കേണ്ട ഭക്ഷണവും ചെയ്യേണ്ട വ്യായാമവും ഗ്രിന്റോയോടു ചോദിക്കാം