ഇത് മ്യാൻമർ ഭൂകമ്പത്തിൽ തകർന്ന പാലത്തിന്റെ ചിത്രമല്ല | Fact Check

Mail This Article
മ്യാൻമറിലും തായ്‌ലന്റിലും കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളും തകർന്നു. പലയിടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ മ്യാൻമറിൽ നിന്നുള്ളതാണ് എന്ന രീതിയിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തകർന്നു വീണ വലിയൊരു പാലം ചിത്രത്തിൽ കാണാം.എന്നാൽ, പ്രചാരത്തിലുള്ള ചിത്രം മ്യാൻമറിലെ ഭൂചലനത്തിൽ തകർന്ന പാലത്തിന്റേതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2028 സെപ്റ്റംബർ 18ന് തായ്‌വാനിൽ ഉണ്ടായ ഭൂചനലത്തിൽ തകർന്ന പാലമാണ് ഇത്.
∙ അന്വേഷണം
"മ്യാൻമറിൽ ദുരന്തമായി ഭൂകമ്പം" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

വൈറൽ ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ പാലത്തിന്റെ ദൃശ്യം വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2022 സെപ്റ്റംബർ 19ന് പങ്കുവച്ച വിഡിയോയ്ക്ക് "തായ്‌വാൻ ഭൂകമ്പത്തിൽ തകർന്ന പാലത്തിന്റെ ഡ്രോൺ ദൃശ്യം" എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്. വിഡിയോയുടെ ഡിസ്ക്രിപ്ഷനിൽ തെക്കുകിഴക്കൻ തായ്‌വാനിൽ ഉണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഹുവാലിയൻ കൗണ്ടിയിലെ ഗാവോലിയാവോ പാലം തകർന്നുവെന്നും എഴുതിയിട്ടുണ്ട്. വിഡിയോ ചുവടെ കാണാം.
തുടർന്ന് നടത്തിയ കീവേർഡ് സെർച്ചിലൂടെ തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ തകർന്ന പാലത്തെ കുറിച്ച് 2022 സെപ്റ്റംബർ 20ന് പ്രസിദ്ധീരിച്ച റിപ്പോർട്ട് ലഭ്യമായി. തായ്‌വാനിൽ ഉണ്ടായ 6.9 തീവ്രതയുള്ള ഭൂകമ്പത്തിൽ തെക്കുകിഴക്കൻ തായ്‌വാനിലെ 600 മീറ്റർ നീളമുള്ള പാലം തകർന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കിഴക്കൻ ഹുവാലിയൻ കൗണ്ടിയിലെ ഗാവോലിയാവോ പാലമാണ് ശക്തമായ ഭൂചലനത്തിൽ തകർന്നതെന്നും 2022 സെപ്റ്റംബർ 18നാണ് പാലം തകർത്ത ഭൂകമ്പമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
കിഴക്കൻ ഹുവാലിയൻ കൗണ്ടിയിലെ തകർന്ന പാലത്തിന്റെ ദൃശ്യം ഉൾപ്പെടുന്ന റിപ്പോർട്ട് സൗത്ത് ചൈന മോർണിങ് പോസ്റ്റ്, സിഎൻഎൻ, ഫസ്റ്റ് പോസ്റ്റ് എന്നീ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മ്യാൻമറിലെ ഭൂകമ്പത്തിൽ ഒരു പാലം തകർന്നതായി റിപ്പോർട്ടുകളുണ്ട്. പ്രശസ്തമായ ആവ പാലമാണ് തകർന്നുവീണതെന്ന് റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ ഈ പാലം തകർന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സമാനമായ ദൃശ്യം സിഎൻബിസിയുടെ റിപ്പോർട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും മ്യാൻമറിലെ ഭൂകമ്പത്തിൽ തകർന്ന പാലം എന്ന രീതിയിൽ പ്രചരിക്കുന്നത് 2022 സെപ്റ്റംബർ 18ന് തായ്‌വാനിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന പാലത്തിന്റെ ചിത്രമാണെന്ന് വ്യക്തമായി.
∙ വസ്തുത
വൈറൽ ചിത്രം മ്യാൻമറിലെ ഭൂകമ്പത്തിൽ തകർന്ന പാലത്തിന്റേതല്ല. 2022 സെപ്റ്റംബർ 18ന് തായ്‌വാനിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന പാലത്തിന്റെ ചിത്രമാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)