Jump to content

സാമുവൽ കോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമുവൽ കോഹൻ
സാമുവൽ കോഹൻ
ജനനം1921 ജനുവരി 25
മരണം2010 നവംബർ 28
ദേശീയത ഇന്ത്യ
തൊഴിൽശാസ്ത്രജ്ഞൻ
അറിയപ്പെടുന്നത്ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നു

ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പ്രശസ്ത യു. എസ്. ശാസ്ത്രജ്ഞനായിരുന്നു സാമുവൽ കോഹൻ (ജനുവരി 25, 1921നവംബർ 28, 2010). W70 എന്ന പോർമുനയും ഇദ്ദേഹത്തിൻറെ കണ്ടുപിടിത്തമാണ് . ആമാശയത്തിലെ അർബുദ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം 2010 നവംബർ 28 ന് അന്തരിച്ചു[1] .

ജീവിത രേഖ

[തിരുത്തുക]

ലണ്ടനിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഒരു ജൂതകുടുംബത്തിലാതിരുന്നു കോഹൻറെ ജനനം. ന്യൂയോർക്ക് നഗരത്തിലെ ബ്രൂക് ലിനിൽ ലസാറസ് - ജെന്നി കോഹൻ (Lazarus - Jenny Cohen) ദമ്പതികളുടെ മകനായി 1921 ജനുനരി 25 നാണ് അദ്ദേഹം ജനിച്ചത് . ലോസ്എഞ്ചൽസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നും ഗണിതത്തിലും ഭൌതിക ശാസ്ത്രത്തിലും ഉന്നത വിദ്യാഭ്യാസം നേടി . പേൾ ഹാർബർ സംഭവത്തിനു ശേഷം സൈന്യത്തിൽ ചേർന്ന അദ്ദേഹം ആദ്യ അണുബോംബിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് മാൻഹാട്ടൻ പ്രോജക്ടിലും പ്രവർത്തിച്ചു . രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബർക് ലിയിൽ പി. എച്ച് .ഡി. ക്ക് ചേർന്ന കോഹൻ ഇടയ്ക്ക് വച്ച് 1947 ൽ റാൻഡ് കോർപ്പറേഷനിൽ ചേർന്നു .

ഇവിടെ ജോലി ചെയ്യവേ സാമുവൽ ഗ്ലാസ്ടോൺസ് (Samuel Glasstone) എഴുതിയ ദ് ഇഫക്ട്സ് ഓഫ് അറ്റോമിക് വെപ്പൺസ് (The Effects of Atomic Weapons) എന്ന ബുക്കിൽ ന്യൂട്രോൺ വികിരണത്തിൻറെ തീക്ഷ്ണത സംബന്ധിച്ച കോഹൻറെ നിഗമനങ്ങൾ അനുബന്ധമായി പ്രത്യക്ഷപ്പെട്ടു . ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിൽ ( Lawrence Livermore National Laboratory ) കൺസൾട്ടൻറായി പ്രവർത്തിച്ചുകൊണ്ടാണ് ന്യൂട്രോൺ ബോംബ് രൂപകല്പന ചെയ്യുന്നത് . 1969 ൽ റാൻഡ് കോർപ്പറേഷനിൽ നിന്നും വിരമിച്ചു .

ന്യൂട്രോൺ ബോംബ്

[തിരുത്തുക]

അണുബോംബിൽ നിന്നു വ്യത്യസ്തമായ ന്യൂട്രോൺ ബോംബ് എന്ന ആശയം വിയറ്റ്നാം യുദ്ധക്കാലത്താണ് കോഹൻ അവതരിപ്പിക്കുന്നത്. 1958 ൽ റാൻഡ് കോർപ്പറേഷനിൽ വെച്ചാണ് സാമുവൽ കോഹൻ ന്യൂട്രോൺ ബോംബ് രൂപകല്പന ചെയ്യുന്നത് . യുദ്ധത്തിൽ ചെറിയ ന്യൂട്രോൺ ബോംബുകൾ ഉപയോഗിച്ചാൽ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാമെന്നും അതുവഴി ധാരാളം അമേരിക്കൻ സൈനികരുടെ ജീവൻ രക്ഷിക്കാമെന്നുമുള്ള നിർദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു . എന്നാൽ രാഷ്ട്രീയ നേതൃത്വം അതിനു തയ്യാറായില്ല . ആണവായുധങ്ങളിൽ ന്യൂട്രോൺ ബോംബിൻറെ ഉൾപ്പെടുത്തൽ പല ശാസ്ത്രജ്ഞർക്കും സ്വീകാര്യവുമായില്ല . ന്യൂട്രോൺ ബോംബിൻറെ പ്രയോജനത്തെയും യുക്തിയെയും ജനങ്ങളെ കോന്നൊടുക്കുന്നതിലുള്ള അധാർമ്മികതയും വിമർശകർ ചോദ്യം ചെയ്തപ്പോൾ ധാർമികതയും വിവേകവുമുള്ള ഒന്നായാണ് കോഹൻ ഈ ബോംബിനെ വിശേഷിപ്പിച്ചത് .മരണനിരക്കും നാശവും ആണവവികിരമം മൂലമുള്ള മലിനീകരണവുമെല്ലാം പരിമിതപ്പെടുത്തിക്കൊണ്ട് സാധാരണ പൌരൻമാർക്കും പട്ടണങ്ങൾക്കുമൊന്നും നാശം വിതയ്ക്കാതെ യുദ്ധമുന്നണിയിലുള്ളവരെ മാത്രം ലക്ഷ്യം വയ്ക്കാൻ കഴിയുന്നതാണ് ന്യട്രോൺ ബോംബെന്ന് അദ്ദേഹം വ്യക്തമാക്കി .

പരീക്ഷണങ്ങൾ വിജയിച്ചുവെങ്കിലും ന്യൂട്രോൺ ബോംബിന്റെ നിർമ്മാണം വർഷങ്ങളോളം യു.എസ് പ്രസിഡന്റുമാർ മാറ്റിവെക്കുകയായിരുന്നു . 1981-ൽ യു.എസ്. പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ 700 ന്യൂട്രോൺ പോർമുനകൾ നിർമ്മിക്കാൻ അനുമതി നൽകി. കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് ടാങ്കുകളെ നേരിടാനായിരുന്നു അത്. എന്നാൽ പിന്നീടവ നിർവീര്യമാക്കി . ശാക്തിക ബലാബലത്തിൽ മാറ്റം വരുത്താൻ കഴിയുന്നതും എളുപ്പത്തിൽ ചെലവ് കുറച്ച് നിർമ്മിക്കാവുന്ന തരത്തിൽ ദീർഘ കാലയളവിനുള്ളിൽ നിർമ്മിക്കപ്പെട്ട ആദ്യ ആയുധമെന്നാണ് ന്യൂട്രോൺ ബോംബിനെ റീഗൻ വിശേഷിപ്പിച്ചത് . അമേരിക്കയ്ക്കു പുറമെ ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളും പഴയ സോവിയററ് യൂണിയനും ന്യൂട്രോൺ ബോംബു നിർമിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത് .

അവലംബം

[തിരുത്തുക]
  1. Samuel Cohen, retrieved 3 December 2010