ലണ്ടൻ പണവിപണിയിലെ സവിശേഷ സ്ഥാപനമാണ് ഡിസ്കൗണ്ട് ഹൗസ്. ഇംഗ്ലീഷ് ബാങ്കിങ് സമ്പ്രദായത്തിന്റെ പ്രത്യേകതയായ ലണ്ടൻ ഡിസ്കൗണ്ട് വിപണിയിൽ, 12 ഡിസ്കൗണ്ട് ഹൗസുകളുണ്ട്. അലക്സാൻഡേഴ്സ് ഡിസ്കൗണ്ട് കമ്പനി ലിമിറ്റഡ്, ഗില്ലറ്റ് ബ്രദേഴ്സ് ഡിസ്കൗണ്ട് കമ്പനി, ദ് നാഷണൽ ഡിസ്കൗണ്ട് കമ്പനി ലിമിറ്റഡ് എന്നിവയാണ് പ്രമുഖ സ്ഥാപനങ്ങൾ. 1867-ൽ സ്ഥാപിതമായ ഗില്ലറ്റ് ബ്രദേഴ്സ് ഡിസ്കൗണ്ട് കമ്പനി ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. വാണിജ്യവിനിമയ ബില്ലുകൾ, ബ്രിട്ടിഷ് ഗവൺമെന്റ് ട്രഷറി ബില്ലുകൾ, മറ്റ് ദീർഘകാല സെക്യൂരിറ്റികൾ എന്നിവയുടെ വ്യാപാരം നടത്തുക എന്നതാണ് ഡിസ്കൌണ്ട് സ്ഥാപനങ്ങളുടെ മുഖ്യധർമം. വായ്പ വാങ്ങിയ തുക ഹ്രസ്വമായ ഒരു നിശ്ചിതകാലാവധിക്കുശേഷം തിരികെ നൽകാമെന്നുള്ള ബ്രിട്ടിഷ് സർക്കാറിന്റെ വാഗ്ദത്ത പത്രമാണ് ട്രഷറി ബിൽ.

വാൾമാർട്ട് ഡിസ്കൗണ്ട് ഹൗസ്

പരിമിതമായ മൂലധനം ഉപയോഗിച്ചുകൊണ്ടാണ് ഡിസ്കൗണ്ട് ഹൗസുകൾ പ്രവർത്തിക്കുന്നത്. വാണിജ്യ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന വായ്പകളിലൂടെയാണ് ഡിസ്കൗണ്ട് ഹൗസുകൾ പ്രധാനമായും മൂലധനം സമാഹരിക്കുന്നത്. വാണിജ്യബാങ്കുകൾ നൽകുന്ന, ഏതു സമയവും തിരിച്ചുവിളിക്കാവുന്ന വായ്പ കാൾമണി വായ്പ എന്നറിയപ്പെടുന്നു. ബാങ്ക് ആവശ്യപ്പെടുമ്പോൾ തിരികെ കൊടുക്കാമെന്ന കരാറിൽ ഡിസ്കൗണ്ട് ഹൗസുകൾ എടുക്കുന്ന ഈ വായ്പകൾ, ബാങ്കുകളുടെ ഫണ്ടുകൾക്ക് ദ്രവത്വ (liquidity)വും പലിശയും ഒരേ സമയം പ്രദാനം ചെയ്യുന്നു. വളരെ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകൾ ഇത്തരം വായ്പകൾക്ക് ഈടാക്കുന്നത്. വാണിജ്യ ബാങ്കുകൾക്ക് തങ്ങളുടെ പക്കലുള്ള അധിക കരുതൽ ധനം ഏറ്റവും ആദായകരമായി ഉപയോഗപ്പെടുത്താൻ കഴിയുന്നു എന്നതാണ് ഈ വായ്പകളുടെ മെച്ചം. ചില പ്രത്യേകഘട്ടങ്ങളിൽ അന്തിമ വായ്പാകേന്ദ്രമായ ബാങ്ക് ഒഫ് ഇംഗ്ലണ്ടിൽ നിന്നും വായ്പ എടുക്കാറുണ്ട്. വാണിജ്യബാങ്കുകൾ നൽകിയിട്ടുള്ള വായ്പകൾ പിൻവലിക്കുകയും ഡിസ്കൗണ്ട് വിപണിയിൽ കമ്മി ഉണ്ടാവുകയും ചെയ്യുമ്പോൾ, ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്റെ വായ്പകളിലൂടെ അത് നികത്തുന്നു. ഡിസ്കൗണ്ട് ഹൗസുകൾ സ്വീകരിക്കുന്ന ഈ വായ്പകൾ പരോക്ഷമായി, വാണിജ്യബാങ്കുകളുടെ സാമ്പത്തിക വിഭവശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. വാണിജ്യ ബാങ്കുകളും ബാങ്ക് ഒഫ് ഇംഗ്ലണ്ടും തമ്മിൽ നേരിട്ടു ബന്ധപ്പെടുന്നില്ല എന്നതാണ് ബ്രിട്ടിഷ് ബാങ്കിങ് സമ്പ്രദായത്തിന്റെ ഒരു പ്രത്യേകത. ബാങ്ക് ഒഫ് ഇംഗ്ലണ്ടുമായുള്ള പരോക്ഷബന്ധത്തിലെ കണ്ണി ഡിസ്കൗണ്ട് ഹൗസുകളാണ്.

വിനിമയ ബില്ലുകൾ, ട്രഷറി ബില്ലുകൾ, സർക്കാർ ബോണ്ടുകൾ എന്നിവ ഡിസ്കൗണ്ട് ചെയ്തു വാങ്ങുകയാണ് ഡിസ്കൗണ്ട് ഹൗസുകളുടെ മുഖ്യധർമം. വ്യാപാരികൾക്ക്, ചരക്കു വാങ്ങിയവരിൽനിന്ന് പണം കിട്ടാൻ താമസം നേരിടുമ്പോൾ, വിനിമയ ബിൽ ഡിസ്കൗണ്ട് ചെയ്തു പണം കൊടുക്കുന്നത് ഡിസ്കൗണ്ട് ഹൗസുകളാണ്. പ്രതിഫലമായി ബില്ലിന്റെ മുഖവിലയിൽ നിന്ന് ഡിസ്കൌണ്ട് തുക കിഴിക്കുന്നു. ബിൽ കാലപൂർണത (maturity) എത്തുന്നതിനു വേണ്ട ദിവസങ്ങളിലേക്കുള്ള പലിശ കണക്കാക്കി ബില്ലിന്റെ മുഖവിലയിൽനിന്നു കിഴിച്ച് ബാക്കി തുക നൽകി ബില്ലിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നതിനാണ് ഡിസ്കൌണ്ട് ചെയ്യുക എന്നു പറയുന്നത്. കാലപൂർണത എത്തുമ്പോൾ ബിൽ ആരുടെ കൈവശം ഇരിക്കുന്നുവോ, അയാൾക്ക് ബിൽ എഴുതിയ ആൾ പണം കൊടുക്കാൻ ബാധ്യസ്ഥനാണ്. വ്യാപാരികളിൽനിന്നു വാങ്ങുന്ന വിനിമയ ബില്ലുകൾ ബാങ്കുകളിൽ ഹാജരാക്കിയിട്ടാണ് ഡിസ്കൗണ്ട് ഹൗസുകൾ വായ്പയെടുക്കുന്നത്. ഈ ഇടപാടിൽ ബാങ്കുകൾക്കും ലാഭമുണ്ടാകുന്നു. ക്രേതാക്കൾക്കും വിക്രേതാക്കൾക്കുമുണ്ടാകുന്ന വൈഷമ്യങ്ങൾ പരിഹരിക്കാൻ ഡിസ്കൗണ്ടിങ് സേവനത്തിലൂടെ കഴിയുന്നു. മാത്രവുമല്ല, പണമടയ്ക്കുന്നതിന് ക്രേതാക്കൾക്ക് കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.

വിനിമയ ബില്ലുകളുടെ ഇടപാടുകളിൽ മാന്ദ്യം സംഭവിച്ചതോടെ, ഡിസ്കൗണ്ട് ഹൗസുകൾ ട്രഷറി ബില്ലുകളുടെ വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്രിട്ടിഷ് ഗവൺമെന്റ് പുറപ്പെടുവിക്കുന്ന ഹ്രസ്വകാല ട്രഷറി ബില്ലുകളുടെ കാലാവധി 91 ദിവസമാണ്. വാണിജ്യബാങ്കുകൾ ഡിസ്കൗണ്ടു ഹൗസുകളിൽ നിന്നുമാണ് സാധാരണയായി ട്രഷറി ബില്ലുകൾ വാങ്ങുന്നത്. ട്രഷറി ബില്ലുകളുടെ കാര്യത്തിലും വാണിജ്യബാങ്കുകളുടെ അധിക കരുതൽ ധനം ലാഭകരമായി നിക്ഷേപിക്കാൻ ഡിസ്കൗണ്ട് വിപണി സഹായകരമാവുന്നു.

1930-കളിലെ സാമ്പത്തിക കുഴപ്പങ്ങളെത്തുടർന്ന്, വിനിമയബില്ലുകളിൽനിന്നും ട്രഷറി ബില്ലുകളിൽ നിന്നുമുള്ള വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. ഈ നഷ്ടം നികത്തുന്നതിനു വേണ്ടി ഡിസ്കൗണ്ട് ഹൌസുകൾ ഹ്രസ്വകാല ഗവൺമെന്റ് സെക്യൂരിറ്റികളുടെ വ്യാപാരത്തിലേക്കു തിരിഞ്ഞു. സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ കുറവുണ്ടാകുമ്പോഴും പൊതുമേഖലാ പ്രവർത്തനങ്ങൾക്കാവശ്യമായ പണത്തിന് ദൗർലഭ്യം നേരിടുമ്പോഴും, സർക്കാർ ബോണ്ടുകൾ ഇറക്കാറുണ്ട്. ഈ ബോണ്ടുകൾ വാങ്ങുന്നതിലൂടെ, ഡിസ്കൗണ്ട് ഹൗസുകൾ സർക്കാറിനെ സാമ്പത്തികമായി സഹായിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തര ഘട്ടത്തിൽ ഡിസ്കൗണ്ട് ഹൗസുകളുടെ ഏറ്റവും പ്രധാന വ്യാപാരമേഖലയായി വികസിച്ചത് ഇത്തരം ബോണ്ടുകളിലുള്ള നിക്ഷേപമാണ്. എന്നാൽ, വിനിമയ ബില്ലുകളുടെ ഇടപാടുകളെ അപേക്ഷിച്ച്, ബോണ്ടുകളിലുള്ള വ്യാപാരത്തിന് കൂടുതൽ കെട്ടുറപ്പുള്ളതും ഭദ്രവുമായ മൂലധനഘടന ആവശ്യമായിരുന്നു. അതിനാൽ, പല ഡിസ്കൗണ്ട് ഹൗസുകളും പരസ്പരം സംയോജിച്ചുകൊണ്ട് അവയുടെ സാമ്പത്തികഭദ്രത കൂടുതൽ ദൃഢമാക്കുകയുണ്ടായി.

ചുരുക്കത്തിൽ, ഡിസ്കൗണ്ട് വിപണിയും ഡിസ്കൗണ്ട് ഹൗസുകളും ബ്രിട്ടിഷ് പണകമ്പോളത്തിൽ വിലപ്പെട്ട സേവനങ്ങളാണ് അനുഷ്ഠിക്കുന്നത്. ഡിസ്കൗണ്ട് വിപണിയുടെ ആവിർഭാവത്തിനു കാരണമായ ചരിത്രസാഹചര്യങ്ങൾ ഇന്നു നിലനിൽക്കുന്നില്ല എന്നതൊരു വസ്തുതയാണ്. എങ്കിലും ഈ വിപണിയുടെ പ്രയോജനം ഇപ്പോഴും ഇടപാടുപകാർക്കു ലഭിക്കുന്നുണ്ട്. ലണ്ടൻ പണവിപണിക്ക് ആഗോള പണകമ്പോളത്തിലുണ്ടായിരുന്ന പ്രാമുഖ്യം നഷ്ടമായതാണ്, ഡിസ്കൗണ്ട് ഹൗസുകൾക്കുണ്ടായ ഏറ്റവും വലിയ ആഘാതം. അന്താരാഷ്ട്ര വാണിജ്യബന്ധങ്ങൾ കൂടുതൽ ഉദാരവും സ്വതന്ത്രവുമാകുന്ന പശ്ചാത്തലത്തിൽ വാണിജ്യബില്ലുകളുടെ പ്രചാരം വർധിക്കുമെന്നാണ് ചില ധനതത്ത്വശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം. അത് ഡിസ്കൗണ്ട് ഹൗസുകളുടെ സാധ്യതകൾ വർധിപ്പിക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യയിലെ ബാങ്കിങ് സമ്പ്രദായത്തിൽ ഡിസ്കൗണ്ട് ഹൗസുകൾ നിലവിലില്ല.

കമ്പനി വിലയേക്കാൾ കുറച്ച് ഉത്പന്നങ്ങൾ വില്ക്കുന്ന വ്യാപാരസ്ഥാപനങ്ങളേയും ഡിസ്കൗണ്ട് ഹൗസുകൾ എന്നു വിളിക്കാറുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുവേണ്ടി, ചില്ലറ വ്യാപാരികൾ ഡിസ്കൗണ്ട് നൽകുന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വൈദ്യുതോപകരണങ്ങൾ, തുണിത്തരങ്ങൾ എന്നിവ മാത്രം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ, ഉപഭോക്താക്കൾക്ക് യഥാർഥവിലയിൽ നിന്നും ആകർഷകമായ കിഴിവ് നൽകി വരുന്നു. രണ്ടാം ലോക യുദ്ധത്തെത്തുടർന്ന്, കമ്പനി വിലയ്ക്കുതന്നെ സാധനങ്ങൾ വിൽക്കണമെന്നുള്ള വ്യാപാരനിയമങ്ങൾ തകർന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഡിസ്കൗണ്ട് ഹൗസുകൾ പ്രചാരത്തിൽവന്നത്.

അധിക വായനയ്ക്ക്

തിരുത്തുക
  • Nelson, Walter Henry, The Great Discount Delusion, New York: D. McKay, 1965.

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിസ്കൗണ്ട് ഹൗസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.