ആലപ്പുഴഃ ആലപ്പുഴയിലും കുട്ടനാട്ടിലും ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് "മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍" എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മീനയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനരംഗങ്ങളാണ് മങ്കൊമ്പിലും ആലപ്പുഴ നഗരത്തിലുമായി ചിത്രീകരിച്ചു വരുന്നത്. ജിബു ജേക്കബ് ആണ് സംവിധാനം. മോഹന്‍ലാലും മീനയുമൊത്തുള്ള ഗാനരംഗം ആലപ്പുഴ നഗരത്തിലെ പ്രകൃതി രമണീയമായ മുപ്പാലം ഭാഗത്ത് ഇന്നലെ ചിത്രീകരിച്ചു. സ്‌കൂട്ടറില്‍ മീനയുമായി ലാല്‍ സഞ്ചരിക്കുന്നത് ഉള്‍പ്പടെയുള്ള ഏതാനും രംഗങ്ങളാണ് കാമറയില്‍ പകര്‍ത്തിയത്. 23 വര്‍ഷത്തിന് ശേഷമാണ് ആലപ്പുഴയില്‍ അഭിനേതാവായി ലാല്‍ എത്തുന്നത്.
1992 ഡിസംബറില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ സിദ്ദിഖ്‌ലാല്‍ ചിത്രം "വിയറ്റ്‌നാം കോളനി"യുടെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴ നഗരമായിരുന്നു. വിയറ്റ്‌നാം കോളനിയായി ചിത്രീകരിച്ച ഗുജറാത്തി സ്‌ട്രീറ്റിന് അടുത്താണ് മുന്തിരിവള്ളികളിലെ ഉലഹന്നാന്‍ എന്ന കഥാപാത്രമായി ലാല്‍ വന്നത്.
ചിത്രീകരണ വിവരമറിഞ്ഞെത്തിയ ആരാധകരെയെല്ലാം കൈവീശി അഭിവാദ്യം ചെയ്‌ത് ലാല്‍ ആലപ്പുഴയെ കൈയിലെടുത്തു. ചെറുകഥാകൃത്ത് വി.ജെ.ജെയിംസിന്റെ "പ്രണയോപനിഷത്ത്" എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയ്‌ക്ക് തിരക്കഥ എഴുതുന്നത് എം.സിന്ധുരാജാണ്. സാധാരണക്കാരനായ പഞ്ചായത്ത് സെക്രട്ടറിയാണ് ഉലഹന്നാന്‍. നാട്ടുകാര്‍ക്കും പ്രിയങ്കരന്‍. ഉലഹന്നാനും ഭാര്യ ആനിയമ്മയും തമ്മിലുള്ള ദാമ്പത്യജീവിതമാണ് മുന്തിരിവള്ളികളുടെ പ്രധാന പ്രമേയം. പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയവും വെള്ളിമൂങ്ങയിലൂടെ പ്രസിദ്ധനായ സംവിധായകന്‍ ജിബു ജേക്കബ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നുണ്ട് . കുട്ടനാട്ടുകാരനായ നെടുമുടിവേണു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനൂപ് മേനോന്‍, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, ലിഷോയ്, രാഹുല്‍ മാധവ്, സുരേഷ് കൃഷ്‌ണ, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഷറഫുദ്ദീന്‍, ശ്രിന്‍ഡ, മാസ്‌റ്റര്‍ സനൂപ് സന്തോഷ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍. ഒരാഴ്‌ചയോളമേ ആലപ്പുഴ ജില്ലയില്‍ ചിത്രീകരണമുള്ളു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനും ബിജിബാലും ഈണം പകര്‍ന്ന ഗാനങ്ങളാണ് ആലപ്പുഴയുടെയും കുട്ടനാടിന്റെയുമൊക്കെ വശ്യമനോഹര കാഴ്‌ചകള്‍ക്കൊപ്പം ചിത്രീകരിക്കുന്നത്.